സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റുന്നത്. പ്രതികൾക്കെതിരെ കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.

സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ഇന്നലെയാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. കൊഫേപോസ ചുമത്തുന്നതോടെ ഇവരെ ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽവയ്ക്കാൻ കഴിയും. അതുവരെ ജാമ്യം ലഭിക്കില്ല. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം

അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകാൻ ശിവശങ്കറിന് സാധിച്ചില്ലെന്നാണ് സൂചന.