റിയാദ്: സൗദിയില്‍ കര്‍ഫ്യു ഇളവിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. മക്കയൊഴികെയുള്ള മുഴുവന്‍ ഭാഗങ്ങളിലും കര്‍ഫ്യൂവിന് ഇളവ് നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്ന് വരെ മക്ക ഒഴികെയുള്ള മറ്റു മേഖലകളില്‍ യാത്രാ ചെയ്യാനാകും. കര്‍ഫ്യു ഇല്ലാത്ത സമയങ്ങളില്‍ സ്വകാര്യ കാറുകളിലും യാത്ര അനുവദിക്കും.

ചില്ലറ, മൊത്ത സ്ഥാപനങ്ങളും മാളുകളും തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിവാഹങ്ങള്‍, സത്കാരങ്ങള്‍ തുടങ്ങി ശാരീരിക അകലം പാലിക്കാന്‍ സാധിക്കാത്ത മേഖലകള്‍ക്കുള്ള വിലക്ക് തുടരും. അമ്ബതിലേറെ പേര്‍ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല. എല്ലാ സ്വദേശികളും വിദേശികളും പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ നന്നായി കഴുകണമെന്നും സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മേയ് മുപ്പത് മുതല്‍ ജൂണ്‍ 20 വരെയുള്ള രണ്ടാം ഘട്ടത്തില്‍ മക്കയൊഴികെ എല്ലാ മേഖലകളിലുമുള്ള യാത്രാ അനുമതി രാത്രി എട്ട് മണി വരെയാക്കി ഉയര്‍ത്തും. ജോലി സ്ഥലങ്ങളിലെ വിലക്ക് നീക്കുന്നതോടെ സര്‍ക്കാര്‍, സ്വകാര്യ മേഖല സ്ഥാപന ജോലിക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ ജോലിക്ക് ഹാജരാവാം.

റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണപാനീയങ്ങള്‍ വിളമ്ബാന്‍ അനുവദിക്കും. എന്നാല്‍, ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്സ് ക്ലബ്ബുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, വിനോദ വിനോദ കേന്ദ്രങ്ങള്‍, സിനിമാശാലകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല.