റിയാദ്: കൊവിഡ് ബാധിച്ച്‌ ആറ് പ്രവാസികളടക്കം ഏഴുപേര്‍ ഇന്ന് സൗദി അറേബ്യയില്‍ മരിച്ചു. എല്ലാവരും 46നും 75നും ഇടയില്‍ പ്രായമുള്ളവരാണ്. ജിദ്ദയില്‍ നാലും മക്കയില്‍ മുന്നും ആളുകളാണ് മരിച്ചത്. പുതുതായി 1344 പേരില്‍ രോഗബാധ കണ്ടെത്തി. ഇതോടെ രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണം 24097 ആയി.

പുതിയ രോഗികളില്‍ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 392 പേര്‍ സുഖം പ്രാപിച്ചു. ഒരു ദിവസം ഇത്രയധികം പേര്‍ സുഖം പ്രാപിക്കുന്നത്​ ആദ്യമായാണെന്നും രോഗമുക്തരുടെ എണ്ണം 3555 ആയി ഉയ​ര്‍ന്നെന്നും ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന 20373 ആളുകളില്‍ 117 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ 15ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധന തുടരുകയാണ്​. നാലുപേര്‍ കൂടി മരിച്ചതോടെ ജിദ്ദയില്‍ മരണസംഖ്യ 41 ആയി. മൂന്നുപേരുടെ കൂടി മരണത്തോടെ മക്കയില്‍ 72 ആയി.