ന്യൂജഴ്സി ∙ ഹത്രാസിൽ കൂട്ട ബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ന്യൂജഴ്സിയിൽ പ്രതിഷേധം. ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ ഒക്ടോബർ 10നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സ്വന്തം മാതാപിതാക്കൾക്കു പോലും ഒരുനോക്ക് കാണാൻ അവസരം നൽകാതെ അർധരാത്രിയിൽ തന്നെ ചിതയൊരുക്കി തെളിവുകൾ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ഉത്തർപ്രദേശ് പൊലീസിന്റെ മനുഷ്യത്വ രഹിതമായ പ്രവർത്തികളെ പ്രതിഷേധത്തിൽ പങ്കെടുത്തവർ നിശിതമായി വിമർശിച്ചു.
പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം നടത്തി, രക്ഷപ്പെട്ട പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉത്തർപ്രദേശ് ഗവൺമെന്റ് സ്വീകരിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. ഐഎഎംസി ന്യൂജഴ്സി യൂണിറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദൂസ് ഫോർ ഹൂമൻറൈറ്റ്സ് , ഇന്ത്യാ സിവിൽ വാച്ച്, സാധന, സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഹിന്ദുത്വ ഐഡിയോളജി, മുസ്ലിം ഫോർ പ്രൊഗസ്സീവ് വാല്യൂസ് എന്നീ സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
ഇന്ത്യൻ ഭരണഘടനക്ക് വിധേയമായി ജനങ്ങളെ സേവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്ന് ഐഎഎംസി ജനറൽ സെക്രട്ടറി ജാവേദ്ഖാൻ കുറ്റപ്പെടുത്തി. യുപി ഗവൺമെന്റിനെതിരെയും മുഖ്യമന്ത്രിക്കെതിരായും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചാണ് സമരത്തിൽ പങ്കുചേർന്നത്.