ഹത്‌റാസ് പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പിസിസിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ സത്യഗ്രഹം നടത്തി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭയപ്പെടുകയാണെന്ന് ഡല്‍ഹി പിസിസി അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു. അതിനിടെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ പൊലീസ് കേസെടുത്തു.
ഹത്‌റാസില്‍ രാഹുല്‍ ഗാന്ധിയും സംഘം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനെ പിന്നാലെ സമരം ശക്തമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം യത്ഥര്‍ഥ്യമാകും വരെ പ്രതിഷേധം തുടര്‍ന്നേക്കും. അതേസമയം, ഡല്‍ഹി രാജ്ഘട്ടില്‍ സത്യഗ്രഹമിരുന്നവരെ പൊലീസ് പുറത്താക്കി. അനുമതിയില്ലാതെ സമരം നടത്തിയതിനെ തുടര്‍ന്നാണ് സത്യാഗ്രഹം ആരംഭിച്ച ഉടനെ പൊലീസ് സമരക്കാരെ പുറത്താക്കിയത്. പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെന്ന് അനില്‍ ചൗധരി പറഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന സത്യഗ്രഹത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.