ഹത്‌റാസ് സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമെന്ന് സുപ്രിംകോടതി. അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തും. അസാധാരണ സംഭവമാണ് നടന്നത്. സുപ്രിംകോടതിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. കുടുംബത്തിന്റെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ അടക്കം മൂന്ന് കാര്യങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അലഹബാദ് ഹൈക്കോടതിയെ സമീപിക്കാത്തത് എന്തെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. പൊതുതാത്പര്യഹർജികൾ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം പുലർച്ചെ സംസ്‌കരിച്ചതിനെ യു.പി സർക്കാർ ന്യായീകരിച്ചു. പെൺക്കുട്ടി പീഡനത്തിന് ഇരയായില്ലെന്നും സർക്കാർ സുപ്രിംകോടതിയിലും ആവർത്തിച്ചു.