എംപി വീരേന്ദ്രകുമാറിന്‍്റെ മരണത്തില്‍ അനുശോചനങ്ങള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി.ഫേസ്ബുക്കിലാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് അദ്ദേഹം പങ്കുവച്ചത്. വീരേന്ദ്രകുമാര്‍ എന്ന പല ശിഖരങ്ങളും, പല തലങ്ങളുമുള്ള ബഹുമുഖപ്രതിഭ ഇനി നമ്മോടൊപ്പമില്ല എന്ന വാചകത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. മലയാളിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു,എന്നാല്‍ തനിക്ക് അദ്ദേഹം ഹൃദയത്തിലെ ബന്ധുവായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വീരേന്ദ്രകുമാര്‍ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്‍്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാള്‍ മുതല്‍ വല്ലാത്ത ആത്ബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളില്‍, ഓരോ സന്ദരര്‍ഭങ്ങളില്‍, വീട്ടിലുമെല്ലാം ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അദ്ദേഹത്തിന് എന്‍്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്‍്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങള്‍ സമപ്രായക്കാരെപ്പോലെയായിരുന്നു സംസാരിക്കുന്ന വിഷയത്തില്‍ സാമ്യതകളുണ്ടായിരുന്നു.

രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടന്‍ എന്നതില്‍ കവിഞ്ഞൊരു വാല്‍സല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോള്‍ വേദനിപ്പിക്കുന്നത്. ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളില്‍ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാന്‍ ആഗ്രഹിക്കുകയും ചെയ്ത ഒരാള്‍. അങ്ങനെയുള്ളവരെയാണല്ലോ നമ്മള്‍ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്‍്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കില്‍ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാള്‍.

ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികള്‍.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു വീരേന്ദ്രകുമാറിന്‍്റെ അന്ത്യം. സംസ്കാരം വൈകീട്ട് വയനാട്ടില്‍ വച്ച്‌ നടക്കും. രാഷ്ട്രീയരംഗത്തുനിന്നും കലാസാംസ്‌കാരിക രംഗത്തുനിന്നും നിരവധിപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.