ശാസ്താംകോട്ട : ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാമ്പത്തികമില്ലാത്തകാരണം ജീവനോട് മല്ലടിച്ച ഗൃഹനാഥന് ശാസ്താംകോട്ട പദ്‌മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം. വെള്ളിമണ്‍ ഇടവട്ടം സ്വദേശിക്കാണ് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്.

ഹൃദ്രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പല ആശുപത്രികളിലും ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരും അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹോട്ടലിലെ പണി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ചികിത്സച്ചെലവ് വഹിക്കാന്‍ നിവൃത്തിയില്ലായിരുന്നു. ഈ വിവരം പദ്‌മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജി.സുമിത്രന്‍ അറിയാനിടയായി. അദ്ദേഹം ഇടപെട്ട് ഗൃഹനാഥന്റെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും വഹിക്കുകയായിരുന്നു. ഡോ. പി.സി.പ്രമോദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുനടത്തി.