ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ കെ ഉഷ കൊച്ചിയിൽ അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
2000- 2001 കാലയളവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായായി സേവനമനുഷ്ടിച്ചു. ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു. 1991 മുതൽ 2001 വരെയായിരുന്നു ഹൈക്കോടതിയിൽ പ്രവർത്തിച്ചത്.
അഭിഭാഷകയായി സർവീസ് ആരംഭിച്ച ശേഷം ജഡ്ജ് ആവുകയും പിന്നീട് ചീഫ് ജസ്റ്റിസ് ആവുകയും ചെയ്ത ആദ്യ മലയാളി വനിതയാണ് കെ കെ ഉഷ. കസ്റ്റംസ്, സെൻട്രൽ എക്‌സൈസ് ട്രിബൂണൽ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
1975ൽ ജർമനിയിൽ വച്ച് നടന്ന രാജ്യാന്തര സ്ത്രീ അഭിഭാഷകരുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ‘സ്ത്രീകൾക്ക് നേരെയുള്ള എല്ലാ തരം വിവേചനങ്ങളും അവസാനിപ്പിക്കൽ’ എന്ന വിഷയത്തിൽ യുഎൻ സംഘടിപ്പിച്ച കൺവെൻഷനിലും പങ്കെടുത്തു. യൂണിവേഴ്‌സിറ്റി വുമൻസ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. സ്ത്രീകൾക്കായുള്ള ശ്രീ നാരായണ സേവിക സമാജത്തിലും പ്രവർത്തിച്ചിട്ടുണ്ട്.