ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് അംഗീകാരം നല്‍കി. 2,878 പേര്‍ അനുകൂലിച്ച്‌ വോട്ട് ചെയ്തപ്പോള്‍ ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. 6 പേര്‍ വിട്ടുനിന്നു. ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്ന ഈ നിയമം ഓഗസ്റ്റോടെ പ്രാബല്യത്തിലാവും.

പുതിയ സുരക്ഷാനിയമം ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും കനത്ത ആഘാതമാകും എന്നു നിരീക്ഷകര്‍ കരുതുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടായേക്കും. ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തപ്പെടാനും സാധ്യതയുണ്ട്.

വിവാദ നിയമം ചര്‍ച്ചചെയ്യാന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന് പറഞ്ഞ് യുഎസും ചൈനയും ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരില്‍ യുഎന്നില്‍ ഏറ്റുമുട്ടി. യുഎസ് ആവശ്യത്തെ ചൈന ശക്തമായി എതിര്‍ത്തു. ചൈനയെ പിന്തുണച്ച റഷ്യ, യുഎസ് ആവശ്യം ന്യായമല്ലെന്ന് അറിയിച്ചു.

ഹോങ്കോങ്ങിന് സ്വയംഭരണപദവി നഷ്ടമായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. വ്യാപാരരംഗത്ത് ഹോങ്കോങ്ങിനു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് എടുത്തുകളഞ്ഞേക്കുമെന്ന് സൂചനയുണ്ട്. വ്യാപാരബന്ധവും കോവിഡും മോശമാക്കിയ യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനകളുണ്ട്. 1300-ലേറെ യുഎസ് കമ്ബനികള്‍ക്ക് ഹോങ്കോങ്ങില്‍ ഓഫിസുണ്ട്. യൂറോപ്യന്‍ യൂണിയനും ജപ്പാനും പൂതിയ നിയമത്തില്‍ ആശങ്ക അറിയിച്ചു.

ചൈനീസ് ദേശീയഗാന നിയമം ചര്‍ച്ചചെയ്യാന്‍ കൂടിയ ഹോങ്കോങ് ലെജിസ്ലേറ്റീവ് അസംബ്ലി കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു. പുതിയ നിയമത്തിനെതിരെ ബുധനാഴ്ച ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. നഗരത്തില്‍ പലയിടത്തും പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായി സംഘര്‍ഷത്തിലായി.