കാസര്‍കോട് : ഹോട്ട്സ്പോട്ടായ കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗ മുക്തി നേടിവരെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ചികത്സയിലുണ്ടായിരുന്നവരില്‍ 37 ശതമാനം പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ ഒരു ആശുപത്രിയില്‍ ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണ്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയില്‍ 28 പേര്‍ക്ക് കൂടി രോഗം ഭേദമായി. 105 പേരാണ് കാസര്‍കോട് രോഗ ബാധിതരായി ഇനി ചികിത്സയിലുള്ളത്.
ആശങ്ക പരത്തിയ പതിനേഴ് ദിവസങ്ങള്‍ക്കു ശേഷം ജില്ലയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിനമായിരുന്നു ഞായറാഴ്ച. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികത്സയിലുണ്ടായിരുന്ന 26 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന 2 പേരുമാണ് ഞായറാഴ്ച ആശുപത്രി വിട്ടത്. കാസര്‍കോട് ജനറലാശുപത്രിയില്‍ രോഗമുക്തരായവരുടെ എണ്ണം രാജ്യത്തെ തന്നെ ഏറ്റവും മികച്ച കണക്കാണ്. ചികത്സയിലുണ്ടായിരുന്നവരില്‍ 37 ശതമാനം പേരാണ് രോഗം ഭേദമായത്. ദേശീയ ശരാശരിയെക്കാള്‍ 26 ശതമാനം കൂടുതലാണിത്.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ 38 ശതമാനത്തിന്റെ പരിശോധനാഫലം നെഗറ്റീവായി. രോഗമുക്തരായവരുടെ എണ്ണം കുറയുന്നതിനൊപ്പം രോഗബാധിതരുടെ എണ്ണവും കുറയുന്നതാണ് ആശ്വാസമാണെങ്കിലും ജാഗ്രതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന നിലപാടിലാണ് ജില്ല ഭരണകൂടം.
അതേസമയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു. ഈ മേഖലകളെ അഞ്ച് സോണുകളായി തിരിച്ച് ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൌണിന്റെ ഭാഗമായി ഫ്‌ളൈയിങ് സ്‌ക്വാഡ്, ബൈക്ക് പട്രോളിങ്, ഡ്രോണ്‍ നിരീക്ഷണം എന്നിവ ഏര്‍പ്പെടുത്തി.