ജീവനക്കാർ ആഴ്ചയിൽ എത്ര മണിക്കൂർ ജോലി ചെയ്യണം എന്ന കാര്യത്തിൽ മുതലാളിമാർക്ക് പല അഭിപ്രായമാണ്. ഇൻഫോസിസ് ചെയർമാനായ നാരായണ മൂർത്തി ജോലി സമയം ആഴ്ചയിൽ 70 മണിക്കൂറാക്കണെമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യത്തിനാകട്ടെ ജോലി സമയം 90 മണിക്കൂർ ആക്കാനായിരുന്നു ആഗ്രഹം. ഇപ്പോഴിതാ ഇവരെയെല്ലാം കടത്തിവെട്ടി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ ഇലോൺ മസ്ക്. ആഴ്ചയിൽ 120 മണിക്കൂർ ജോലി ചെയ്യുന്നത് നല്ലതാണെന്നാണ് മസ്കിന്റെ പക്ഷം.
ഇതിന് മസ്ക് ഉദാഹരണമായി എടുത്തുകാണിക്കുന്നത് ‘ഡോജ്’ നെയാണ്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നശേഷം അനാവശ്യ ചെലവുകൾ കുറയ്ക്കാനും സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ആരംഭിച്ച വകുപ്പാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ (DOGE). ഇതിന്റെ തലവൻമാരിൽ ഒരാളാണ് മസ്ക്. ആഴ്ചയിൽ 120 മണിക്കൂറും അഥവാ പ്രതിദിനം ശരാശരി 17 മണിക്കൂർ പ്രവർത്തിക്കുന്നവരാണ് ഡോജിയിലെ ജീവനക്കാരെന്ന് ഇലോൺ മസ്ക് പറയുന്നു. ഇങ്ങനെ ജോലി ചെയ്യുന്നത് കൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്താൻ സാധിച്ചതെന്നും മസ്ക് കൂട്ടിച്ചേർത്തു.
മസ്കിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലെല്ലാം ഉയരുന്നത്. വർക്ക് ലൈഫ് ബാലൻസിന് ഒട്ടും ഗുണകരമല്ലാത്ത പരാമർശമാണിതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ കഴിവില്ലായ്മയെയും ഉത്പാദനക്ഷമതയിലെ കുറവിനെയുമാണ് സൂചിപ്പിക്കുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു. ജീവനക്കാരെ കൊണ്ട് ഇത്തരത്തിൽ ജോലി ചെയ്യിപ്പിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്നും മസ്കിനെതിരെ കേസെടുക്കണമെന്നുമാണ് മറ്റു ചിലർ പറയുന്നത്.
ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി. ബ്യൂറോക്രസിയുടെ ചട്ടക്കൂടുകൾ ലഘൂകരിക്കുക, അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കാനും, ചെലവുചുരുക്കൽ, ഫെഡറൽ ഏജൻസികളെ പുന:സംഘടിപ്പിക്കുക തുടങ്ങിയവയെല്ലാമാണ് ഇവരുടെ ഉത്തരവാദിത്വം.