അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും പോലും ഞെട്ടിച്ച് ഇന്റർനെറ്റ് വേഗതയിൽ കുതിച്ചുചാട്ടവുമായി ചൈന. ലോകത്ത് ആദ്യമായി 10ജി ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യ ചൈന പരീക്ഷിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയില്‍ ഉള്‍പ്പെട്ട ഷിയോങ് ജില്ലയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50ജി –പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ബ്രോഡ്ബാന്‍ഡ് സംവിധാനം ഒരുക്കിയത്. 

സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. അതായത് ഒരു സിനിമ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ടി വരില്ല. ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് അഥവാ 50 ജി–പി.ഒ.എന്‍ സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. 

10 ജി 9,834 Mbps വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1,008 Mbps വരെ അപ്‌ലോഡ് വേഗതയും 3 മില്ലിസെക്കൻഡ് വരെ ലേറ്റൻസിയും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, 8K വീഡിയോ സ്ട്രീമിംഗ്, സ്മാർട്ട് സിറ്റികൾ, സ്മാർട്ട് ഹോമുകൾ, ഡ്രൈവറില്ലാ കാറുകൾ എന്നിവയെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നു. 

നിലവിൽ, ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 1 ജിഗാബിറ്റ് വരെയാണ്. നിലവിൽ, 20GB 4K സിനിമ സാധാരണയായി 1 Gbps കണക്ഷനിൽ ഡൗൺലോഡ് ചെയ്യാൻ ഏഴ് മുതൽ പത്ത് മിനിറ്റ് വരെ എടുക്കും. എന്നാൽ പുതിയ 10 ജി ബ്രോഡ്‌ബാൻഡ് ഉപയോഗിച്ച്, അതേ സിനിമ 20 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

543 മെഗാബൈറ്റ് വേഗമുള്ള യുഎഇയിലും 521 മെഗാബൈറ്റ് വേഗമുള്ള ഖത്തറിലുമാണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നത്. യുഎഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗത്തെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ.