തിരുവനന്തപുരം: നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിന് ആവശ്യമായ ട്രൂനാറ്റ് കിറ്റുകള്‍ വിദേശരാജ്യങ്ങളിലേക്ക് എത്തിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
എയര്‍ലൈന്‍ സര്‍വീസുകളുടെ സഹകരണവും അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിലവില്‍ പരിശോധന സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പരിശോധന സൗക്യങ്ങളില്ലാത്ത അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് കിറ്റുകള്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയെ ഇക്കാര്യം നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശരാജ്യങ്ങളിലേക്ക് അയക്കാനും മാത്രമുള്ള കിറ്റുകള്‍ സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിക്കൂ എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നാണ് പ്രതിപക്ഷ ആരോപണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് ശക്തമാക്കിയതോടെ പ്രവാസികളെല്ലാം വലിയ വിഷമത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. “പ്രവാസികളെ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു വഞ്ചിക്കുകയാണ്. പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം മുടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികളുടെ തിരിച്ചുവരവ് എങ്ങനെ മുടക്കാം എന്നു ഗവേഷണം ചെയ്യുകയാണ് സര്‍ക്കാര്‍,” പ്രതിപക്ഷ നേതാവ് രമേശ് ചെന്നി്തതല പറഞ്ഞു.
യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്താന്‍ പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും അവരുടെ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്താമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഫലം പെട്ടെന്ന് ലഭിക്കും. ട്രൂ നാറ്റ് എന്ന പരിശോധനാ സമ്ബ്രദായം വ്യാപകമായിട്ടുണ്ട്. കുറഞ്ഞ ചെലവേ വരൂ. സാമ്ബത്തിക പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കു സൗജന്യ ടെസ്റ്റ് നടത്താനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനം. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കൈക്കൊണ്ടത്.
നാട്ടിലേക്കു വരുന്നവരില്‍ ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ ആ വിമാനത്തിലുള്ള എല്ലാവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെ മാത്രം കേരളത്തിലേക്ക് കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ശനിയാഴ്‌ച മുതല്‍ ഗള്‍ഫില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.