ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാർച്ച് 6എ തകർന്നു. ലോ എർത്ത് ഓർബിറ്റിൽ വെച്ചാണ് റോക്കറ്റ് തകർന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങൾ രൂപപ്പെട്ടതായാണ് വിവരം. ചൈനയുടെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായാണ് ലോങ് മാർച്ച് 6എ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിച്ചതിന് ശേഷമാണ് ഭൗമോപരിതലത്തിന് മുകളിൽ 810 കിമീ ഉയരത്തിൽ വെച്ച് റോക്കറ്റ് തകർന്നതെന്നാണ് വിവരം. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഭൗമോപരിതലത്തിന് മുകളിൽ 408 കിമീ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്.
2024 ഓഗസ്റ്റ് ആറിനാണ് 18 ‘ജി60’ ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിൽ വിന്യസിക്കുന്നതിനായി ലോങ്മാർച്ച് 6എ വിക്ഷേപിച്ചത്. ഇത്തരത്തിൽ 14000 ഉപഗ്രഹങ്ങൾ അടങ്ങുന്ന ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇനൊവേഷൻ അക്കാദമി ഫോർ മൈക്രോസാറ്റലൈറ്റ്സുമായി സഹകരിച്ച് ഷാങ്ഹായ് സ്പേസ്കോം സാറ്റലൈറ്റ് ടെക്നോളജിയാണ് ജി-60 ഉപഗ്രഹ ശൃംഖല വികസിപ്പിച്ചത്.
ഈ വർഷം ആറ് വിക്ഷേപണങ്ങൾ നടത്താനാണ് ചൈന ലക്ഷ്യമിടുന്നത്. 2024 അവസാനത്തോടെ 108 ഉപഗ്രഹങ്ങൾ ചൈനയ്ക്ക് ഭ്രമണപഥത്തിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. പൂർണമായും ചൈനയിൽ തന്നെയാണ് ഉപഗ്രഹങ്ങളുടെ നിർമാണം. ഷാങ്ഹായിലെ സോങ്ചിയാങ് ജില്ലയിലുള്ള നിർമാണ ശാലയിൽ 2025 ഓടെ 500 ഉപഗ്രഹങ്ങൾ നിർമിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാവുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് രംഗത്ത് ശക്തമായ സാന്നിധ്യമാകാൻ ചൈനയ്ക്ക് സാധിക്കും. യുഎസ് കമ്പനിയായ സ്പേസ് എക്സിന് വലിയൊരു വെല്ലുവിളിയാണ് ചൈനയുടെ ഈ പദ്ധതി.
എന്നാൽ ആദ്യ വിക്ഷേപണത്തിൽ ഇത്ത്രയേറെ അവശിഷ്ടങ്ങൾ സൃഷ്ടിച്ച ചൈന മറ്റ് കൃത്രിമ ഉപഗ്രഹങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനകം 6206 ഉപഗ്രഹങ്ങൾ വിന്യസിച്ച സ്റ്റാർലിങ്ക്, സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റുകളിലാണ് വിക്ഷേപണം നടത്തുന്നത്. അടുത്തിടെ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് റോക്കറ്റ് വിക്ഷേപണത്തിനിടെ റോക്കറ്റ് തകരാറിലാവുകയും ഉപഗ്രഹങ്ങൾ നിശ്ചയിച്ച ഭ്രമണപഥത്തിന് താഴെ വിന്യസിക്കേണ്ടി വരികയും ചെയ്തിരുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന ഈ റോക്കറ്റുകളുടെ ബൂസ്റ്ററുകൾ വിക്ഷേപണ ശേഷം ഭൂമിയിൽ തിരിച്ചിറങ്ങാൻ കഴിവുള്ളവയാണ്. അതുവഴി ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കാനാവും.