തിരുവനന്തപുരം: അധികാരം ദുർവിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇൻസ്പെക്ടറെ പോലീസിൽ തിരിച്ചെടുത്തു. തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എൻ.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത്. മുൻപ് 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആർ അനിലുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നപ്പോൾ തിരുവനന്തപുരം വട്ടപ്പാറ ഇൻസ്പെക്ടർ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്.
സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിൽ വിജിലൻസ് ഐ.ജി. എച്ച്. വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു അന്നത്തെ നടപടി. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു.
ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും 18 പരാതികളിൽ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മർദനം, ഭീഷണിപ്പെടുത്തൽ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു പിരിച്ചുവിടൽ. ഇത്തരം ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു അന്ന് കോടതിയുടെ പരാമർശം.