ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ.ആൻഡ്.ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യന്റെ പരാമർശം അടുത്തിടെ വൻചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിരവധിപേർ ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ജീവനക്കാർ ആഴ്ചയിൽ 70 മണിക്കൂറോളം ജോലി ചെയ്യണമെന്നാണ് ഇൻഫോസിസ് സഹസ്ഥാപകനായ നാരായണ മൂർത്തി നേരത്തേ അഭിപ്രായപ്പെട്ടത്. ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സംവാദങ്ങൾക്കും തുടക്കമിട്ടുകഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഡെൽവെയ്സ് മ്യൂച്വൽ ഫണ്ട് സി.ഇ.ഒ രാധിക ഗുപ്ത.
താൻ ആദ്യമായി ജോലി ചെയ്യുന്ന സമയത്ത് ഒരു പ്രോജക്ടിന്റെ ഭാഗമായി ആഴ്ചയിൽ 100 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ടന്നാണ് രാധിക വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ചയാണ് ജോലിയിലെ അവധി ദിവസമെന്നും അതിനാൽ ഞായറാഴ്ച വരെ ജോലി ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു. ജോലിയിലെ കടുത്ത സമ്മർദത്തിന്റെ ഭാഗമായി ബാത്ത്റൂമിലിരുന്ന് കരഞ്ഞിട്ടുണ്ടെന്നും രണ്ടുതവണ ആശുപത്രിയിൽ ചികിത്സതേടിയതായും രാധിക ഗുപ്ത വെളിപ്പെടുത്തുന്നു.
എന്റെ ആദ്യ ജോലിയിലെ ആദ്യ പ്രോജക്ടിന്റെ ഭാഗമായി ആഴ്ചയിൽ 100 മണിക്കൂറോളം ജോലി ചെയ്തു. അതും തുടർച്ചയായി നാല് മാസം. ഒരു ദിവസം 18 മണിക്കൂർ ജോലി. ഓഫീസിലെ ബാത്ത്റൂമിൽ പോയി കരഞ്ഞിട്ടുണ്ട്. പുലർച്ചെ 2 മണിക്ക് ചോക്ലേറ്റ് കേക്കുകള് കഴിച്ചു. രണ്ട് തവണ ആശുപത്രിയിൽ പോകേണ്ടിവന്നു. 100 മണിക്കൂറോളെ ജോലിയിലായിരുന്നെങ്കിലും പ്രൊഡക്ടീവായി ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതേ പദവികളിലിരിക്കുന്ന എന്റെ സഹപാഠികളായിരുന്നവർക്കും സമാനമായ സ്ഥിതിയാണ്.- രാധിക ഗുപ്ത കുറിച്ചു.
ഇത് ഉത്കണ്ഠാരോഗത്തിനും ഹൃദയാഘാതത്തിനും അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിലേക്കുമാണ് വഴിവെക്കുന്നതെന്നും അവർ പറഞ്ഞു. യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ചെറുപ്രായത്തിലാണെങ്കിൽ എനിക്ക് ഇതുപോലെ ജോലി ചെയ്യാൻ സാധിക്കും. ഇന്ന് വീട്ടിലെ കാര്യങ്ങൾ നോക്കണം ഭർത്താവിനും മക്കൾക്കുമായി സമയം ചെലവഴിക്കണം. – രാധിക ഗുപ്ത കുറിച്ചു.