വാഷിംഗ്ടൺ: വെസ്റ്റേൺ വാഷിംഗ്ടൺ സർവകലാശാലയിൽ 24 മണിക്കൂറിനിടെ2 വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക സമയം ബുധനാഴ്ച രാത്രി റെസിഡൻസ് ഹാളിൽ നിന്ന് വീണ് മരിച്ച നിലയിലാണ് ഒരു വിദ്യാർഥിയെ കണ്ടെത്തിയത്. ഈ സംഭവത്തിന് മണിക്കൂറുകൾക്കിപ്പുറം വ്യാഴാഴ്ച രാവിലെ മറ്റൊരു വിദ്യാ‍ർഥിയെ യൂണിവേഴ്സിറ്റി കാമ്പസിലെ റസിഡൻസ് ഹാളായ അൽമ ക്ലാർക്ക് ഗ്ലാസ് ഹാളിന് സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വിദ്യാർഥികളുടെ മരണങ്ങൾ തമ്മിൽ യാതൊരു ബന്ധമൊന്നുമില്ലെന്ന വിലയിരുത്തലിലാണ് വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി അധികൃതർ. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളുടെ വിവരങ്ങളും യൂണിവേഴ്സിറ്റി അധികൃതർ പുറത്തുവിട്ടിട്ടില്ല.

വിദ്യാർഥികളുടെ മരണത്തിൽ വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് സബ രന്ധാവ അഗാധ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. ഹൃദയം തകർക്കുന്ന സംഭവങ്ങളാണ് ക്യാമ്പസിൽ ഉണ്ടായിരിക്കുന്നത്. ഈ രണ്ട് സംഭവങ്ങളിലും ഞങ്ങളുടെ ഞെട്ടലും സങ്കടവും ഉൾക്കൊള്ളാൻ വാക്കുകൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ചിന്തകൾ ഞങ്ങളുടെ വിദ്യാർഥികളുടെ പ്രിയപ്പെട്ടവരോടൊപ്പമുണ്ട്, അവരുടെ നഷ്ടങ്ങൾ അവരുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് അറിയാമെന്നും വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് സബ രന്ധാവ വിവരിച്ചു. വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഇനിയുള്ള കാലം പിന്തുണ നൽകുമെന്നും വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് സബ രന്ധാവ വാ‍ർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.