സ്വന്തം ബഹിരാകാശ നിലയം വിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കുന്നതോടെയാണ് തങ്ങളുടെ സ്വതന്ത്ര ബഹിരാകാശ നിലയം റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ ഓർബിറ്റൽ സ്റ്റേഷൻ (ആർഒഎസ്) എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തിന്റെ നിർമാണം 2033 ഓടുകൂടി പൂർത്തിയാക്കാനാണ് റഷ്യയുടെ പദ്ധതി.

യുഎസ്, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സഹകരണത്തിൽ വിന്യസിക്കപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 ൽ ഭൂമിയിൽ ഇടിച്ചിറക്കി തകർക്കാനാണ് പദ്ധതി. 2028 ഓടുകൂടി നിലയത്തിൽ നിന്ന് പിൻമാറുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. 

റോസ്കോസ്മോസ് പുറത്തുവിട്ട സമയക്രമം അനുസരിച്ച് റഷ്യൻ ഓർബിറ്റൽ സ്റ്റേഷന്റെ ആദ്യ റിസർച്ച് ആന്റ് എനർജി മോഡ്യൂൾ 2027 ൽ വിക്ഷേപിക്കും. 2030 ഓടുകൂടി യൂണിവേഴ്സൽ നോഡൽ, ഗേറ്റ് വേ, ബേസ് ലൈൻ മോഡ്യൂളുകളും വിക്ഷേപിക്കും. ഇതോടുകൂടി ഓർബിറ്റൽ സ്റ്റേഷന്റെ പ്രധാന ഭാഗത്തിന്റെ നിർമാണം പൂർത്തിയാവും. പദ്ധതിയുടെ രണ്ടാം ഘട്ടം 2031-33 വർഷങ്ങളിൽ ആരംഭിക്കും. ടിഎസ്എം1, ടിഎസ്എം2 എന്നീ പ്രത്യേക ആവശ്യങ്ങൾക്കായുള്ള രണ്ട് മോഡ്യൂളുകൾ കൂടി വിക്ഷേപിക്കുകയും നിലയവുമായി ബന്ധിപ്പിക്കുകയും ചെയ്യും.

ഏകദേശം 60890 കോടി റൂബിൾ (58009 കോടി രൂപ) ആണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായുള്ള കരാറുകളിൽ റഷ്യ അടുത്തിടെ ഒപ്പിട്ടിരുന്നു. മറ്റ് രാജ്യങ്ങളുമായും റഷ്യ സഹകരണത്തിന് ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് സല്യൂട്ട്, മിർ എന്നീ ബഹിരാകാശനിലയങ്ങൾ റഷ്യയ്ക്കുണ്ടായിരുന്നു. 

അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ സജീവമായ ഏക ബഹിരാകാശ നിലയം ചൈനയുടെ ടിയാൻഗോങ് ആയിരിക്കും. 2028 ലാണ് ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മോഡ്യൂളിന്റെ വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. 2035 ഓടുകൂടി ഇന്ത്യയും സ്വന്തം ബഹിരാകാശ നിലയം പൂർത്തിയാക്കും. അങ്ങനെയെങ്കിൽ 2035 ആവുമ്പോഴേക്കും സജീവമായ മൂന്ന് ബഹിരാകാശ നിലയങ്ങൾ ഭൂമിയെ ചുറ്റുന്നുണ്ടാവും.