കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് 1.36 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 4,947 പേര്‍ മരിച്ചു. ബ്രസീലില്‍ 1200 ലേറെ പേരും അമേരിക്കയില്‍ 900 ത്തോളം പേരും മരിച്ചു. ഇതോടെ ലോകമെമ്ബാടും കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4.23 ലക്ഷമായി ഉയര്‍ന്നു. റഷ്യയില്‍ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ബ്രസീലില്‍ എട്ടു ലക്ഷത്തിലേറെയാണ് കൊവിഡ് ബാധിതര്‍.

ആഫ്രിക്കയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പെറുവിലും ചിലിയിലും മെക്സിക്കോയിലും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരത്തിലേറെയാണ്. അമേരിക്കയില്‍ 23,000 ത്തിലധികം പേര്‍ക്കും ബ്രസീലില്‍ 30,000 ത്തിലേറെ പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 75.83 ലക്ഷമായി. ഇതില്‍ 38.34 ലക്ഷം പേരുടെ രോഗം ഭേദമായി.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 20.89 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഇതില്‍ 8.15 ലക്ഷം പേര്‍ രോഗവിമുക്തരായി. ആകെ 1.16 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 41,058 പേരാണ് മരിച്ചത്. റഷ്യയില്‍ 8,779 പേര്‍ക്ക് പുതിയതായി രോഗം കണ്ടെത്തി. ആകെ 6,532 പേരാണ് മരിച്ചത്. യുകെയില്‍ പുതിയതായി 1,266 പേരുള്‍പ്പടെ 2.91 ലക്ഷം പേര്‍ക്കാണ് രോഗം. 41,279 പേര്‍ മരിച്ചു.

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് 2.86 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1.41 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 8102 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 94,041 പേര്‍ക്കാണ് രോഗമുള്ളത്. 3438 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 32,810 പേര്‍ക്കും തമിഴ്നാട്ടില്‍ 36,841 പേര്‍ക്കും കൊവിഡ് പിടിപ്പെട്ടു.