ന്യൂഡൽഹി: വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പാർലമെൻ്റിൽ ആവശ്യപ്പെട്ട് കെ ഫ്രാൻസിസ് ജോർജ് എംപി. മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏൽക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട ജനങ്ങൾ അവിടെ താമസിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്ത് 2025 ഫെബ്രുവരി 11 വരെ 2534 വന്യജീവി ആക്രമണം ഉണ്ടായി. 56 പേർ മരണപ്പെടുകയുണ്ടായി. അഖിലേന്ത്യ തലത്തിൽ മരണം 1527 ആണ് ഈ കഴിഞ്ഞ വർഷം ഉണ്ടായിട്ടുളളത്. ഈ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായ ഒരു നിലപാട് സ്വീകരിക്കണം. കേരള ഗവൺമെൻ്റ് പറയുന്നത് കേന്ദ്ര ഗവൺമെൻ്റിൻ്റെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയെങ്കിൽ മാത്രമേ സംസ്ഥാന ഗവൺമെൻ്റിന് ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയു എന്നാണ്.

എന്നാൽ എല്ലാ സംസ്ഥാനത്തേയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാൻ അധികാരം നൽകിയിട്ടുണ്ടന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അവർക്ക് ആവശ്യഘട്ടത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്. പക്ഷേ നടപടി ക്രമങ്ങളിലെ സാങ്കേതികത്വം പലപ്പോഴും ഫലപ്രദമായ ഇടപെടൽ നടത്തുന്നതിനോ അധികാരം പ്രയോഗിക്കുന്നതതിനോ അവർക്ക് സാധിക്കുന്നില്ലന്നാണ് സംസ്ഥാനങ്ങൾ പറയുന്നതെന്ന് ചൂണ്ടിക്കാട്ടി.