തിരുവനന്തപുരം: മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) ‘ഡെയ്ലാ’ എന്ന മദർഷിപ്പ് വിഴിഞ്ഞം തീരത്തെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവുംവലിയ ചരക്കു കപ്പൽ കമ്പനിയായ എം.എസ്.സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽകൂടിയാണിത്.

366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലിന് 13,988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. മൗറീഷ്യസിൽനിന്ന് മുംബൈ തുറമുഖത്ത് എത്തിച്ചേർന്ന കപ്പൽ വ്യാഴാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. 

കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കിയശേഷം എം.എസ്.സിയുടെ തന്നെ ഫീഡർ കപ്പൽ നാളെത്തന്നെ ചെറു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ഡെയ്ലാ ശനിയാഴ്ച ശ്രീലങ്കയിലേക്ക് പുറപ്പെടും. ഡെയ്ലാ കപ്പൽ വിഴിഞ്ഞത്ത് എത്തിയതിന്റെ ചിത്രങ്ങളും ചെറുകുറിപ്പും തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു.