- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: കൊറോണ കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ വലിയ കരിനിഴല്‍ വീഴ്ത്തി തൊഴിലില്ലായ്മ പത്തിവിടര്‍ത്തിയാടുന്നു. രാജ്യത്ത് കഴിഞ്ഞയാഴ്ച മാത്രം 2.4 ദശലക്ഷം ജീവനക്കാര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ആദ്യമായി ക്ലെയിം ഫയല്‍ ചെയ്തു. കൊറോണ വൈറസ് ലോക്ക്ഡൗണില്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണ് ഇതു പ്രകടിപ്പിക്കുന്നത്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുന്ന ഘട്ടത്തിലും വളരെ കൂടുതലാണ്. മെയ് 16 ന് അവസാനിക്കുന്ന കാലയളവ് വരെ കണക്കിലെടുത്താല്‍ കഴിഞ്ഞ ഒന്‍പത് ആഴ്ചകളിലെ തൊഴിലില്ലായ്മ ക്ലെയിമുകളുടെ എണ്ണം 38 ദശലക്ഷത്തിലധികമായി ഉയര്‍ന്നു.
സെന്‍സസ് ബ്യൂറോയില്‍ അടുത്തിടെ നടത്തിയ ഒരു ഗാര്‍ഹിക സര്‍വേയില്‍ മുതിര്‍ന്നവരില്‍ പകുതിയോളം പേര്‍ക്കും മാര്‍ച്ച് പകുതി മുതല്‍ തൊഴില്‍ വരുമാനം നഷ്ടപ്പെട്ടതായി അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന ഫെഡറല്‍ റിസര്‍വ് പഠനത്തില്‍ 40,000 ഡോളറില്‍ താഴെ വരുമാനമുള്ള വീടുകളിലെ തൊഴിലാളികളില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണ്ടെത്തി. എല്ലാ 50 സംസ്ഥാനങ്ങളും വീണ്ടും തുറക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചപ്പോള്‍, മിക്ക സാമ്പത്തിക വിദഗ്ധരും വീണ്ടെടുക്കലിന്റെ പാത ദൈര്‍ഘ്യമേറിയതാണെന്ന് വിശ്വസിക്കുന്നു. പ്രതിസന്ധി വേഗത്തില്‍ മറികടക്കാമെന്നു കരുതിയ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്, തൊഴിലില്ലായ്മ പ്രശ്‌നം മറികടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ്.
ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് 1,200 ഡോളര്‍ ഉത്തേജക പേയ്‌മെന്റിന് അര്‍ഹരായ മുക്കാല്‍ ഭാഗവും ജനങ്ങള്‍ക്ക് ഇത് ലഭിച്ചതായി ട്രഷറി വകുപ്പ് പറയുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചവര്‍ക്ക് ആഴ്ചയില്‍ 600 ഡോളര്‍ അധികമായി ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്നു. മിക്ക സംസ്ഥാനങ്ങളും ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയംതൊഴിലാളികള്‍ക്കും പതിവായി യോഗ്യതയില്ലാത്ത മറ്റുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്ന മറ്റൊരു പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പല സംസ്ഥാനങ്ങളും ഇതു നിറവേറ്റാന്‍ പാടുപെടുകയാണ്. എന്നാല്‍ ക്ലെയിം ഫയല്‍ ചെയ്തിട്ടും കഴിഞ്ഞ രണ്ട് മാസമായി കാത്തിരിക്കുന്ന ആളുകളില്‍ നിന്ന് പരാതികള്‍ ഉയരുകയാണ്. ഇന്ത്യാന, വ്യോമിംഗ്, ഹവായ്, മിസോറി എന്നീ സംസ്ഥാനങ്ങളില്‍ പരാതിപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കെന്റക്കി പോലെയുള്ള സംസ്ഥാനങ്ങളില്‍ മൂന്നില്‍ ഒരാള്‍ ജോലിയില്ലാത്തവരാണ്. ഇവിടെയും പ്രതിഷേധത്തിന്റെ ജ്വാലകള്‍ ഉയര്‍ന്നു കഴിഞ്ഞു.
മാര്‍ച്ചില്‍ പാസാക്കിയ 2 ട്രില്യണ്‍ ഡോളര്‍ ഉത്തേജക പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മെച്ചപ്പെട്ട തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നീട്ടാന്‍ നിയമനിര്‍മ്മാതാക്കള്‍ സമ്മതിക്കുമോ എന്നത് വ്യക്തമല്ല. ഇങ്ങനെ ചെയ്താല്‍, തൊഴിലില്ലായ്മയ്ക്കായി ഫയല്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ 600 ഡോളര്‍ അധികമായി നല്‍കുന്നത് ഉയര്‍ത്താനാവും. ഈ മെച്ചപ്പെടുത്തിയ ആനുകൂല്യം ജൂലൈ അവസാനത്തോടെ കാലഹരണപ്പെടും. അതിനു മുന്‍പേ തന്നെ ജീവനക്കാര്‍ക്ക് തൊഴില്‍ തിരികെ നല്‍കാനാണ് ശ്രമം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ 2021 ജനുവരി വരെ ഇതു നീട്ടുന്നതിനായി വെള്ളിയാഴ്ച പാസാക്കിയ 3 ട്രില്യണ്‍ ഡോളര്‍ ഉത്തേജക ബില്ലില്‍ ഈ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തണമെന്ന് ഹൗസ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്.
കോവിഡിനെ നേരിടാന്‍ അമേരിക്ക വൈകിയെന്ന പരാതി ഉയരുന്നതിനിടെ ഇതു സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പുറത്തു വന്നു കഴിഞ്ഞു. കൊളംബിയ യൂണിവേഴ്‌സിറ്റി ഡിസീസ് മോഡലറുകളില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം, മാര്‍ച്ചില്‍ ഒരാഴ്ച മുമ്പ് അമേരിക്ക സാമൂഹ്യവിദൂര നടപടികള്‍ നടപ്പാക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍, ഏകദേശം 36,000 പേര്‍ മാത്രമേ പകര്‍ച്ചവ്യാധി മൂലം മരിക്കുമായിരുന്നുള്ളു. ഇപ്പോള്‍, 95,256 പേര്‍ മരിച്ചു കഴിഞ്ഞു. മരണനിരക്ക് ഈ വിധം ഉയര്‍ന്നാല്‍ ഒരു ലക്ഷം കവിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയാവും. 16 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
മാര്‍ച്ച് 1 ന് നഗരങ്ങള്‍ പൂട്ടിയിടുകയും സാമൂഹിക സമ്പര്‍ക്കം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍, രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മരണങ്ങളും ഏകദേശം 83 ശതമാനം ഒഴിവാക്കപ്പെടുമായിരുന്നുവെന്നും ഗവേഷകര്‍ കണക്കാക്കി. മാര്‍ച്ച് 16 നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കക്കാരോട് യാത്ര പരിമിതപ്പെടുത്തണമെന്നും ഗ്രൂപ്പുകള്‍ ഒഴിവാക്കണമെന്നും സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നും വീട്ടില്‍ തന്നെ തുടരണമെന്നും ആവശ്യപ്പെട്ടത്. ന്യൂയോര്‍ക്ക് നഗരത്തിലെ മേയര്‍ ബില്‍ ഡി ബ്ലാസിയോ മാര്‍ച്ച് 15 ന് സ്‌കൂളുകള്‍ അടച്ചപ്പോള്‍, ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ മാര്‍ച്ച് 22-നാണ് സംസ്ഥാനം അടച്ചതായി പ്രഖ്യാപിച്ചത്. ഇത് വൈറസ് വ്യാപനം പടര്‍ത്തിയെന്നാണ് ആരോഗ്യവിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം. ന്യൂയോര്‍ക്കില്‍ സംസ്ഥാനത്തൊട്ടാകെ 105 പേര്‍ കൂടി മരിച്ചു. തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് 100 ന് മുകളില്‍ രോഗികള്‍ കോവിഡിനു കീഴടങ്ങുന്നത്. ഇവിടെ ഇതുവരെ, 28,000 ല്‍ അധികം ആളുകള്‍ മരിച്ചു കഴിഞ്ഞു.