ഇടുക്കി: മാതാപിതാക്കളുടെ ചികിത്സാ ആവശ്യത്തിന് വേണ്ടി തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണം തിരിച്ചെടുക്കാന്‍ എത്തിയെങ്കിലും ഇത് ലഭിക്കാത്തതിനെതിരെ പ്രതിഷേധം. വണ്ണപ്പുറം സ്വദേശി അഞ്ചപ്രയില്‍ സിബിന്‍ (45) ആണ് പ്രതിഷേധവുമായി ബാങ്കില്‍ എത്തിയത്. 

നിക്ഷേപ തുകയായ 4.75 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാന്‍ പലതവണ വണ്ണപ്പുറം ബ്രാഞ്ചിലും തൊടുപുഴ ഹെഡ് ഓഫീസിലും എത്തിയെങ്കിലും ലഭിച്ചില്ല. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഉള്ളതിനാല്‍ പണം തരാനാവില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതേത്തുടര്‍ന്ന് സിബിന്‍ ബാങ്കില്‍ എത്തി പണം തരാതെ തിരികെ പോകില്ലെന്ന് ശഠിച്ചു. 

പ്രശ്‌നം ആയതോടെ പൊലീസ് എത്തി സിബിനെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നീട് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വ്യാഴാഴ്ച 50,000 രൂപ നല്‍കാമെന്നും ബാക്കി തുക 15 ദിവസത്തിനകം നല്‍കാമെന്നുമാണ് പറഞ്ഞിരിക്കുന്നത്.