25 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് ഷീല. 58 കാരിയായ ഷീലയും ഭര്‍ത്താവും ഒരു കുഞ്ഞിക്കാലിനായി കാല്‍ നൂറ്റാണ്ടോളമായി കാത്തിരിക്കുകയായിരുന്നു. അമ്ബത്തിയെട്ടാം വയസില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് ഷീല.

ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും കോളജ് പ്രഫസറായി വിരമിച്ച ബാലുവും ഒരു കുഞ്ഞിക്കാല്‍ കാണുന്നതിന് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയിരുന്നു. നിരവധി ചികിത്സകള്‍ നടത്തി. എന്നാല്‍ കാര്യമുണ്ടായില്ല. എന്നാല്‍ നിരാശരായി പ്രതീക്ഷ അവസാനിപ്പിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ബന്ധുകൂടിയായ ഡോ. സബൈന്‍ ശിവദാസിന്റെ അടുക്കല്‍ ചികിത്സയ്ക്കായി എത്തി.

മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ സിസേറിയനിലൂടെ ഷീല പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ലോക്ഡൗണ്‍ മൂലം പ്രസവശേഷവും ആശുപത്രിയില്‍ തന്നെ കഴിയുകയാണ് ഇവര്‍. മാതൃദിനമായ ഇന്നലെ ആശുപത്രി ജീവനക്കാര്‍ മധുരവും പലഹാരങ്ങള്‍ നല്‍കി ഷീലയെ ആദരിച്ചു.