ഡംബര കാറായ പോര്‍ഷെയില്‍ പെട്രോൾ പമ്പിലെത്തി ആറായിരം രൂപയ്ക്ക് പെട്രോള്‍ അടിച്ച് ശേഷം പണം നല്‍കാതെ കടന്ന് കളഞ്ഞ കാര്‍ ഉടമയെ ഒടുവില്‍ ചൈനീസ് പോലീസ് പിടികൂടി. പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ വേഗത്തില്‍ കടന്നു കളയുന്ന പോര്‍ഷെ കാര്‍ ഉടമയുടെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

അന്ന് സോങ് ഒറ്റയ്ക്കായിരുന്നു പെട്രോൾ പമ്പില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. അത്യാവശ്യം തിരക്കുള്ള സമയത്താണ് പോര്‍ഷെ കാര്‍ പെട്രോൾ അടിക്കാനായി എത്തിയത്. 70 ഡോളറിന് അയാൾ കാറില്‍ പെട്രോൾ അടിച്ചു. പണം ലഭിക്കുമെന്ന വിശ്വാസത്തില്‍ സോങ്, കാറിന് മുന്നിലെ പാരികേട് നീക്കി അടുത്ത കാറിന് സമീപത്തേക്ക് നീങ്ങുന്നതിനിടെ പോര്‍ഷെ കാര്‍ പണം നല്‍കാതെ പെട്രോള്‍ പമ്പില്‍ നിന്നും കടന്ന് കളഞ്ഞു. പമ്പിലെ നിയമമനുസരിച്ച് ഒരു ഷിഫ്റ്റില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ആളിറങ്ങുമ്പോൾ അന്ന് ലഭിച്ച പണം മുഴുവനും അടയ്ക്കണം. ഈ നിമയം കാരണം സോങിന് ആ ആറായിരം രൂപയും അടയ്ക്കേണ്ടി വന്നു.

എന്നാല്‍, സോങ് വെറുതെയിരിക്കാന്‍ തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്ത സോങ് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് ചൈനീസ് സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ചു. മണിക്കൂറുകൾക്കുള്ളില്‍ വീഡിയോ വൈറലായി. സമൂഹ മാധ്യമ ഉപയോക്താക്കൾ പോര്‍ഷെ ഉടമയക്കെതിരെ തിരിച്ചു. ഇതോടെ കേസെടുത്ത് അന്വേഷണവുമായി പോലീസ് പെട്രോള്‍ പമ്പിലും എത്തി. ഒടുവില്‍ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ഇയാളെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായതോടെ പമ്പ് ഉടമ സോങിന് അടച്ച പണം തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.