ടുത്തകാലത്തായി ഇന്‍റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത് താമസിക്കാനുള്ള സാധ്യതകളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് പിന്നാലെയാണ് ഇത്തരം സ്ഥല വില്പന വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിച്ചതും. എന്നാല്‍, മെക്സിക്കോയിലെ ഒരു സഭ ഒരു പടികൂടി കടന്ന് സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. അതും വളരെ തുച്ഛമായ തുകയ്ക്ക്. ‘ഭൂമിയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്നാണ് സഭയുടെ ഈ നടപടിയെ വിശേഷിപ്പിക്കപ്പെടുന്നത്. 

ചർച്ച് ഓഫ് ദി എൻഡ് ഓഫ് ടൈംസ്’ (the Church of the End of Times)  എന്നറിയപ്പെടുന്ന ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ് എന്ന സഭയാണ് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി വാഗ്ദാനം ചെയ്യുന്നത്.  2017 -ല്‍ ദൈവവുമായുള്ള തികച്ചും വ്യക്തിപരമായ ഒരു മീറ്റിംഗിൽ സഭയുടെ പാസ്റ്റർക്ക് സ്വര്‍ഗ ഭൂമി മനുഷ്യന് വില്‍ക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്.  ചതുരശ്ര മീറ്ററിന്  100 ഡോളര്‍ (ഏകദേശം 8,335 രൂപ) കൊടുത്ത് സ്വർഗത്തിൽ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം. തീര്‍ന്നില്ല, ദൈവത്തിന്‍റെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വർഗത്തിൽ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റർ, ഭൂമിയിലെ മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.. 

പണം നോട്ടായിട്ട് തന്നെ നല്‍കണമെന്നില്ല. പകരം പേപാൽ, ഗൂഗിൾ പേ, വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ്, എന്നിവയ്ക്ക് പുറമെ ഫ്ലെക്സിബിൾ പേയ്‌മെന്‍റ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു. സ്ഥല വില്‍പന സാധൂകരിക്കുന്നതിനായി മേഘങ്ങള്‍ക്കിടയിലുള്ള വിശുദ്ധ ഭവനത്തിന്‍റെ ചിത്രങ്ങളും ഓണ്‍ലൈനുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇത്തരമൊരു വീഡിയോയില്‍ നാലംഗ സന്തുഷ്ട കുടുംബത്തോടൊപ്പം സ്വർണ്ണ കിരണങ്ങളാൽ ചുറ്റപ്പെട്ട ഒരു ആഡംബര മാളികയെ ചിത്രീകരിക്കുന്നു. 2017 മുതല്‍ സ്വര്‍ഗത്തിലെ സ്ഥലവില്പനയിലൂടെ മാത്രം സഭ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചതായി വീഡിയോയില്‍ പരാമര്‍ശിക്കുന്നു.