ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, ഡോക്ടര്‍ ടെര്‍ഡോസ് അഥാനോം ഗബ്രീസസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
21 ആം നൂറ്റാണ്ടില്‍ ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നത് അസ്വസ്ഥമാക്കുന്നുവെന്ന് ഡബ്യൂഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കൊറോണ വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് വംശീയ വിവേചനമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഡബ്യൂഎച്ച്‌ഒ രംഗത്തെത്തിയത്.
ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരായ പ്രൊഫസര്‍ ജീന്‍ പോള്‍ മിറാ, പ്രൊഫസര്‍ കാമിലെ ലോച്ച് എന്നിവരാണ് ആഫ്രിക്കയില്‍ മരുന്ന് പരീക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. വൈറസിനെതിരേ കാര്യമായ പ്രതിരോധ സൗകര്യങ്ങളില്ലാത്ത ജനതയെന്ന നിലയില്‍ ആഫ്രിക്കക്കാരില്‍ വേണം വാക്സിന്‍ പരീക്ഷിക്കാനെന്നായിരുന്നു ജീന്‍ പോള്‍ മിറായുടെ പരാമര്‍ശം.