തിരുവനന്തപുരം : മൃഗങ്ങളിലെ കൊവിഡ് ബാധ സംബന്ധിച്ച്‌ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം മന്ത്രി കെ.രാജു. എന്നാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ലോക് ഡൗണ്‍ കഴിഞ്ഞാലും മൃഗശാലകളില്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും മൃഗശാലകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു .

അമേരിക്കയില്‍ മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍,വനം മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു . കേരളത്തിലെ വന്യജീവികള്‍ക്കോ മൃഗശാലയിലെ മൃഗങ്ങള്‍ക്കോ നിലവില്‍ കൊവിഡ് ഭീഷണിയില്ല. എന്നാല്‍ ലോക് ഡൗണിന് ശേഷവും മൃഗശാലകളിലെ നിയന്ത്രണങ്ങള്‍ തുടരും. മൃഗശാല ജീവനക്കാര്‍ ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.പൂച്ച, കുരങ്ങ് വിഭാഗത്തിലെ മൃഗങ്ങളെപാര്‍പ്പിച്ചിരിക്കുന്ന കൂടുകള്‍ക്ക് ചുറ്റും ഒന്നിടവിട്ട് അണുവിമുക്തമാക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി .

തിരുവനന്തപുരം, തൃശൂര്‍ മൃഗശാല പരിസരം സോഡിയം ഹൈപോ ക്ലോറേറ്റ് ഉപയോഗിച്ച്‌ ആഴ്ച്ചയിലൊരിക്കല്‍ അണുവിമുക്തമാക്കും.ആവശ്യപ്പെടുന്ന മുറയ്ക്ക് വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം നല്‍കും.വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം സംശയിച്ചാല്‍ പാലോട് ലാബില്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു .