ന്യൂഡല്‍ഹി: അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഭീഷണി വരുന്നതിന് മുന്‍പായിരുന്നു ഇന്ത്യ ഈ തീരുമാനം എടുത്തത്.ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ മിശ്ര അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.’ആഫ്രിക്കന്‍ രാജ്യങ്ങളിലെ 80 ലക്ഷം രോഗികള്‍ക്കായി ഇന്ത്യ എച്ച്.ഐ.വി മരുന്നുകള്‍ കയറ്റി അയക്കുന്നുണ്ട്.
യു.കെയ്ക്ക് പാരസെറ്റമോള്‍ മരുന്നുകളും നല്‍കുന്നുണ്ട്. മാലിദ്വീപുകള്‍, മൗറീഷ്യസ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ 80 ശതമാനം മരുന്നുകളും വരുന്നത് ഇന്ത്യയില്‍ നിന്നുമാണ്. അമേരിക്ക, സ്പെയിന് ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നുകള്‍ ഇന്ത്യ കയറ്റി അയക്കാന്‍ പോകുകയാണ്. ഇത് ഞങ്ങള്‍ അമേരിക്കയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖയില്‍ ഉള്ളതാണ്.’ കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറയുന്നു. 14 മരുന്നുകളുടെ കയറ്റുമതി തടഞ്ഞുകൊണ്ടുള്ള നടപടിയെ ഉപേക്ഷിച്ചുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നുകളും പാരസെറ്റമോളും കയറ്റുമതി ചെയ്യാന്‍ അനുവദിക്കാനാണ് കമ്മിറ്റി തീരുമാനമെടുത്തത്.
ആഭ്യന്തര ആവശ്യവും നിലവിലെ മരുന്നുകളുടെ സംഭരണവും വിലയിരുത്തിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ നോട്ടീസ് ഇറക്കാന്‍ ഫോറിന് ട്രേഡ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിരുന്നതായും ഉദ്യോഗസ്ഥന് പറയുന്നു. ലോകം കൊവിഡ് ബാധയോട് പോരാടുന്ന വേളയില്‍ മരുന്നുകള്‍ എത്തിക്കാനുള്ള ഉദ്യമത്തില്‍ നിന്നും ഇന്ത്യ പുറകോട്ട് പോകില്ലെന്നുള്ള സന്ദേശമാണ് കയറ്റുമതി പുനരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നിലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണനയുടെ പേരിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും രോഗം രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ മരുന്നുകള്‍ എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും പറയുന്നു.