ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടം ദീര്‍ഘകാലം വേണ്ടി വരുന്നതാണെന്നും ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. സാമ്ബത്തിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പവാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കൊറോണ വ്യാപനം നടന്നിട്ടില്ലാത്ത മേഖലകളില്‍ ഇളവ് നല്‍കണം. രാജ്യംമൊത്തമായി അടച്ചിടരുത്. അത് സാമ്ബത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൊറോണക്കെതിരായ പോരാട്ടം ദീര്‍ഘകാലമെടുക്കുന്നതാണ്. ഇത് ലോകത്തെയും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെയും ബാധിക്കുന്നതാണ്. അനിയോജ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും പവാര്‍ മോദിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം വേഗത്തില്‍ അനുവദിക്കണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ശ്രദ്ധ നല്‍കണം. വ്യവസായവും കാര്‍ഷിക മേഖലയുമാണ് കാര്യമായ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ രണ്ട് മേഖലകള്‍ക്ക് ആശ്വാസ പാക്കേജ് അനുവദിക്കുകയും കിട്ടിയെന്ന് ഉറപ്പാക്കുകയും വേണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു.

തബ്ലീഗ് സമ്മേളനത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തെ ക്രൂശിക്കുന്നത് ശരിയല്ല. അത്തരം നീക്കങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. രോഗം പരക്കുന്നതില്‍ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. രോഗ വ്യാപനം തടയുന്നതിലാകണം ശ്രദ്ധ കേന്ദ്രീകരിക്കരുത്. സര്‍ക്കാരിന്റെ മുന്‍ഗണന പ്രധാനമാണെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം നീട്ടിവയ്ക്കണമെന്ന് നേരത്തെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

ലോക്ക് ഡൗണ്‍ കാരണം രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച കുറയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്ബത്തിക രംഗം പൂര്‍ണമായും തകരുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ അവലോകന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ അനുമാനം 1.6 ശതമാനമായി കുറയും. 400 ബേസിസ് പോയന്റാണ് വളര്‍ച്ചയില്‍ കുറവുണ്ടാകുക. ലോക്ക് ഡൗണ്‍ പ്രഖ്യാപനവും ആഗോള സാമ്ബത്തിക പ്രതിസന്ധിയുമാണ് ഇന്ത്യയുടെ വളര്‍ച്ച ഇടിയാന്‍ കാരണം. ഉടനെ ഒരു തിരിച്ചുവരവ് ഇന്ത്യന്‍ സാമ്ബത്തിക രംഗത്തിന് സാധ്യമല്ല. ലോക്ക് ഡൗണ്‍ മൂലം സ്തംഭിച്ച വ്യവസായങ്ങളും മറ്റും പഴയപോലെ വേഗത്തിലാകില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു