തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു.
സ്കൂള്‍ ഫീസിന്‍റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റുകളുമായി യു.എ.ഇ. എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡര്‍ അറിയിച്ചു.
കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍ എംബസി പുതുക്കി നല്‍കുന്നുണ്ട്. മെയ് 31 വരെയോ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതുവരെയോ വിസകാലാവധി പിഴയൊന്നുമില്ലാതെ നീട്ടിക്കൊടുക്കുമെന്ന് യു.എ.ഇ. ഗവണ്‍മെന്‍റ് അറിയിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
കുവൈത്തിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കുവൈത്ത് അംബാസഡര്‍ അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി നോര്‍ക്ക അയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.