മോസ്കോ: ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച്‌ നടത്തിയ കലഹത്തെ തുടര്‍ന്ന് തടവുകാര്‍ ജയിലിന് തീയിട്ടു. റഷ്യയിലെ സൈബീരിയയ്ക്കടുത്താണ് സംഭവം. അന്‍കാര്‍സ്‌കിലെ ഏറ്റവും വലിയ സുരക്ഷാ സജ്ജീകരണങ്ങളോടുകൂടിയ ജയിലിന്റെ മൂന്നിലൊരു ഭാഗത്ത് തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. കലാപത്തിലും തീപിടിത്തത്തിലും മരണം ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും എത്ര പേര്‍ക്ക് ആപത്ത് സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല. തടവുകാരുടെ ആക്രമണത്തിനിരയായ ചില ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു തടവുകാരനെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതാണ് കലാപത്തിന് കാരണമായതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ജീവനക്കാര്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയ തടവുകാരന്റെ വീഡിയോ ഇവര്‍ പുറത്തുവിട്ടു. ജയിലില്‍ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്. ജയിലില്‍ പ്രവര്‍ത്തിച്ച തടി ഫാക്‌ടറി ഉള്‍പ്പെടെ മൂന്ന് കെട്ടിടങ്ങള്‍ കത്തി നശിച്ചു. 1,200 തടവുകാരുള്ള ജയില്‍ മോസ്കോയില്‍ നിന്നും 4,000 കിലോമീറ്റര്‍ അകലെയാണ്.