കണ്ണൂര്‍: കേരളത്തില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് (71) ആണ് മരിച്ചത്. നാല് ദിവസമായി കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്.ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ 26 ന് പനിയും ജലദോഷവുമായി തലശേരിയില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും തിരിച്ച് വീട്ടിലേക്ക് പോകുകയും ചെയ്തു. വീണ്ടും 29 നും 30 നും തലശേരിയിലെത്തി അദ്ദേഹം ചികിത്സ തേടി. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ 31 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം ആറിന് ന്യൂമോണിയ ബാധിച്ചതോടെയാണ് കോവിഡ് സംശയിച്ചത്. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഏഴാം തിയതി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്നു. മാഹിയില്‍ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗണ്‍ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ല.