കൊച്ചി > കോവിഡ്–-19 എത്ര കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്സിജന്‍ മുട്ടില്ല. ഏതു സാഹചര്യവും നേരിടാന്‍ ആവശ്യമായ സിലിന്‍ഡറുകള്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഉറപ്പുവരുത്തിയിട്ടുണ്ട്. മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാകാതെ വികസിത രാജ്യങ്ങളില്‍ രോഗികള്‍ മരിച്ചുവീഴുമ്പോഴാണ് കൊച്ചുകേരളം സര്‍വസജ്ജമാകുന്നത്.

കോവിഡ്–-19 പടര്‍ന്നുപിടിച്ച വികസിതരാജ്യങ്ങള്‍ ഓക്സിജന്‍ സിലിന്‍ഡര്‍ കിട്ടാതെ വലഞ്ഞിരുന്നു. ഇറ്റലിയില്‍ 70 കഴിഞ്ഞ രോഗികളെ മരണത്തിനു വിട്ടുകൊടുത്ത് വെന്റിലേറ്ററുകള്‍ ചെറുപ്പക്കാരിലേക്ക് മാറ്റുന്ന നിസ്സഹായാവസ്ഥയും ലോകം കണ്ടു. കേരളത്തിലെ 18 ആശുപത്രികളില്‍ ഓക്സിജന്‍ സൂക്ഷിക്കാനുള്ള വലിയ ടാങ്കുകള്‍ ഉണ്ട്. 5,940 ലിറ്റര്‍, 6,100 ലിറ്റര്‍, 10,430 ലിറ്റര്‍, 12,641 ലിറ്റര്‍ എന്നിങ്ങനെ വിവിധ സംഭരണശേഷിയുള്ളവയാണ് ടാങ്കുകള്‍. എറണാകുളം ജില്ലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ്, അമൃത, ആസ്റ്റര്‍, ലിസി എന്നിവിടങ്ങളില്‍ ഓക്സിജന്‍ ടാങ്ക് സംവിധാനം ഉണ്ട്. കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരിലും മലപ്പുറത്തും കോഴിക്കോട്ടും രണ്ടുവീതം ആശുപത്രികളിലും പത്തനംതിട്ട, കൊല്ലം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോന്നിലും ഈ സൗകര്യം ലഭ്യം. ഇവിടേക്ക് ഓക്സിജന്‍ എത്തിക്കാന്‍ പാലക്കാടും എറണാകുളത്തും രണ്ട് വലിയ ഓക്സിജന്‍ പ്ലാന്റുകള്‍ ഉണ്ട്. ഒരുദിവസം ഇരുന്നൂറും അമ്ബതും ടണ്‍വീതം ദ്രവ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇവ.

ഇതിനെല്ലാം പുറമേ, വിവിധ ആശുപത്രികളിലായി അഞ്ചര അടിയുടെ 3814 ബള്‍ക്ക് സിലിന്‍ഡറുകളും ലഭ്യം. അതില്‍ ഓക്സിജന്‍ നിറയ്ക്കാന്‍ 19 പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് 2,212 സിലിന്‍ഡറുകള്‍ നിറച്ചതില്‍ 2,086 എണ്ണം ആശുപത്രികളില്‍ എത്തിച്ചു. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110.5 ടണ്‍ ഓക്സിജന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്.

പെസോയും കൊച്ചി കപ്പല്‍ശാലയുമായി സഹകരിച്ച്‌ ഒരു ബള്‍ക്ക് സിലിന്‍ഡറില്‍നിന്ന് ഒരേസമയം ആറുപേര്‍ക്ക് ഓക്സിജന്‍ നല്‍കുന്ന സംവിധാനവും ആലോചിക്കുന്നു. കേരളത്തിനു മാത്രമല്ല, അയല്‍ സംസ്ഥാനങ്ങള്‍ക്കും അത്യാവശ്യ ഘട്ടത്തില്‍ നല്‍കാനാകുന്നത്ര ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്നും കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു. ഉല്‍പ്പാദകരുടെയും വിതരണക്കാരുടെയും വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി ഓരോ ദിവസവും സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.