കൊച്ചി: കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്ന കേരളാ മോഡലിന് അഭിനന്ദനവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈസ്റ്റര്‍ ദിന സന്ദേശത്തിനിടെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച്‌ കര്‍ദ്ദിനാള്‍ രംഗത്തെത്തിയത്.

കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം ഒന്നാമതാണ്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. നമ്മള്‍ രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ഈസ്റ്റര്‍. കൊവിഡിനെ അതിജീവിച്ചു പുനര്‍ജീവനം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് പള്ളിയിലെ ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളില്ലാതെ കേരളത്തിലും ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയര്‍ത്തിയാണ് ലോകം ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായെങ്കിലും വിശ്വാസികളെ ഉള്‍പ്പെടുത്തിയിരുന്നില്ല.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സിറോ മലബാര്‍ സഭ ഉയിര്‍പ്പ് ഞായര്‍ വിശുദ്ധ കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികനായി. അതേ സമയം കൊവിഡ് മഹാമാരി പടര്‍ത്തുന്ന ഇരുട്ടില്‍ ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റര്‍ ദിനസന്ദേശത്തില്‍ പറഞ്ഞു.