ഹൂസ്റ്റണ്‍: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ആശങ്കകള്‍ നിലനില്‍ക്കെ അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോണ്‍ഫറന്‍സ് നടത്തി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ ഉന്നയിച്ച പ്രശ്നങ്ങളും പരാതികളും അവരുടെ നിര്‍ദേശങ്ങളും ബന്ധപ്പെട്ടവരുടെ സജീവ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പുനല്‍കി.
കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ ഒറ്റപ്പെട്ടുപോയ തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങൾ അയച്ചു സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ നിരവധി രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർക്കു നാട്ടിൽ എത്തുന്നതിനു ഒരു സൗകര്യവും ഇത് വരെ ഒരുക്കാത്ത ഇന്ത്യൻ ഗവണ്മെന്റ് നിലപാട് അപലനീയമാണെന്നു ചർച്ചയിൽ പങ്കെടുത്ത അമേരിക്കൻ മലയാളികൾ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മുമ്പിൽ നിരന്തമായി ഈ ആവശ്യം ഉന്നയിച്ചുവരുകയാണെന്നും എത്രയും പെട്ടെന്നു ഈ വിഷയത്തിൽ പരിഹാരം ഉണ്ടാകുമെന്നു പ്രതീഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
ഈ കാലയളവിൽ അമേരിക്കയിൽ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തിയുമാണ് രമേശ് ചെന്നിത്തല കോൺഫറൻസിനു തുടക്കമിട്ടത്.
കോവിഡ് മൂലം അമേരിക്കൻ മലയാളികൾ വിവിധ നഗരങ്ങളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ന്യൂ യോർക്ക്, ന്യൂജേർസി, ഹൂസ്റ്റൺ, ഫ്ലോറിഡ, ഫിലാഡൽഫിയ, അരിസോണ,കാലിഫോർണിയ തുടങ്ങിയ പ്രദേശങ്ങളിള്ളവർ അദ്ദേഹത്തോട് വിശദീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന വിദേശ മലയാളികളെ ഈ കാലയളവിൽ അവജ്ഞയോടെ കാണുവാൻ ശ്രമിയ്ക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ടെന്നതും ചെന്നിത്തലയുടെ ശ്രദ്ധയിൽ പെടുത്തി.
പ്രളയദുരിതാനാന്തര പ്രവർത്തനങ്ങളിൽ മാത്രമല്ല നിരവധി സന്ദർഭങ്ങളിൽ കേരളത്തിലെ ജനങ്ങളോടെ നെഞ്ചോട് ചേർത്ത് പിടിച്ച വിദേശ മലയാളികളുടെ പ്രശ്ങ്ങളെ അദ്ദേഹം അതീവ ശ്രദ്ധയോടെ കേട്ടു.പ്രവാസികൾ നാടിന്റെ നട്ടെല്ലാണ്. അവരെ ഹൃദയത്തോടു ചേർത്ത് നിര്‍ത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു
അമേരിക്കയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍, വിദേശ മലയാളികളെ കേരളത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നത്, ബഹാമാസ് ദ്വീപുകള്‍ക്ക് സമീപം കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം മലയാളികളുടെ തിരിച്ചുകൊണ്ടുവരല്‍, ഇന്ത്യന്‍ എംബസിയുടെ കാര്യക്ഷമതയില്ലായ്മ, നാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പ്രതിനിധികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. നാട്ടിലേക്കു മടങ്ങിവരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പ്രശ്നങ്ങളെ വളരെ ഗൗരവമായി തന്നെ കാണുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി വിദേശകാര്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു.
വേൾഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ്, ഫോമ, ഫൊക്കാന തുടങ്ങിയ വിവിധ സംഘടനകളിലെ നൂറോളം പേര് സംവാദത്തില്‍ പങ്കെടുത്തു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്കാ റീജിയന് പ്രസിഡന്റ് ജെയിംസ് കൂടല്‍, ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോര്‍ജ് എബ്രഹാം, ഹരി നമ്പൂതിരി എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
അനിയൻ ജോർജ്, പി.പി.ചെറിയാൻ, ജീമോൻ റാന്നി, പോൾ കറുകപ്പള്ളിൽ, തോമസ്.ടി.ഉമ്മൻ, കോശി ഉമ്മൻ, ജയചന്ദ്രൻ, ബേബി മണക്കുന്നേൽ, ലീല മാരേട്ട്, ജോസ് മണക്കാട്, രാജൻ മാത്യു,യു.എ നസീർ, രാജേഷ് മാത്യു, ജോസ് എബ്രഹാം, സജി എബ്രഹാം, ജിനേഷ് തമ്പി, അജു ജോൺ, നിബു വെള്ളവന്താനം തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
- ജീമോൻ റാന്നി