നെയ്യാറ്റിന്‍കര: അലഞ്ഞു തിരിഞ്ഞ് വന്ന 3 അന്യ സംസ്ഥാനക്കാരേ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് കവലയില്‍ നിന്നും പൊലീസ് പിടി കൂടി ആരോഗ്യ വകുപ്പിന് കൈമാറി. കൊറോണ ആംബുലന്‍സ് വരുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവശരായിരുന്ന ഇവരില്‍ ഒരാള്‍ രക്തം ഛര്‍ദിച്ച നിലയിലായിരുന്നു. ഗൂഡല്ലൂര്‍ സ്വദേശികളെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. കന്യാകുമാരി ജില്ലയില്‍ നിന്നും ചിലര്‍ ഇവരെ അതിര്‍ത്തി കടത്തി വിടുകയായിരുന്നു. റോന്ത് ചുറ്റുന്നതിനിടയില്‍ സിഐ: പി.ശ്രീകുമാരന്‍ നായരാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം പത്താംകല്ലില്‍ ഒരാള്‍ക്ക് കോവിഡ് 19- രോഗം സ്ഥിരീകരിച്ചതോടെ അയാളുമായി നേരിട്ടും അല്ലാതെയും സമ്ബര്‍ക്കം പുലര്‍ത്തിയ ആശുപത്രികളിലെയും പൊലീസ് സ്റ്റേഷനിലെയും 77-ജീവനക്കാരെയാണ് ക്വാറന്റീനിലേക്ക് മാറ്റിയത്. രോഗി ആദ്യം ചികിത്സ തേടിയ കൂട്ടപ്പനയിലെ 19-ജീവനക്കാരെയും, തുടര്‍ ചികിത്സയ്ക്കെത്തിയ പത്താംകല്ലിലെ സ്വകാര്യ ആശുപത്രിയിലെ 46-ജീവനക്കാരെയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ 12-പേരെയുമാണ് നിരീക്ഷണത്തിനായി മാറ്റിയത്. രോഗിയുടെ സഹോദരി നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിളാണ്. അവര്‍ രോഗിയെ സന്ദര്‍ശിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു.