കൊച്ചി: മൂവാറ്റുപുഴയില്‍ കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. യുവനടന്‍ ബേസില്‍ ജോര്‍ജ് (30), നിധിന്‍ (35), അശ്വിന്‍(29) എന്നിവരാണ് മരിച്ചത്.നാട്ടുകാരും പോലിസും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഞായറാഴ്‌ച രാത്രി ഒമ്പത്‌ മണിയോടെയാണ് അപകടം. മുവാറ്റുപുഴയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.അഞ്ചുപേരായിരുന്നു അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നീരീക്ഷണത്തിലാണ്.

‘പൂവള്ളിയും കുഞ്ഞാടും’ എന്ന സിനിമയിലെ നായകനാണ് ബേസില്‍. വാളകം മേക്കടമ്പ്‌ നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍.