ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ), നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചു. ജൂലൈ 26നായിരിക്കും നീറ്റ് പരീക്ഷ. ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23വരെ നടക്കും. കേന്ദ്രമാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
നേരത്തെ പ്രവേശന പരീക്ഷകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ അഡ്മിറ്റ് കാർഡുകളും ഉടൻ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.