കോഴിക്കോട്: ആവശ്യക്കാരുടെ വിശപ്പകറ്റി സജീവമായി തുടരുകയാണ് ജില്ലയില്‍ സമൂഹ അടുക്കളകള്‍. അരിയും പച്ചക്കറിയുമൊക്കെ സൗജന്യമായി നല്‍കി കരുതലോടെ ചേര്‍ത്തു നിര്‍ത്താന്‍ സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നുമുള്ളവര്‍ മുന്നോട്ടു വരുന്നുണ്ട്.

ജില്ലയിലെ സമൂഹ അടുക്കളകള്‍ മുഖേന ഇന്നലെ 725 പേര്‍ക്ക് പ്രഭാതഭക്ഷണവും, 8897 പേര്‍ക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു. ജനകീയ ഹോട്ടലുകള്‍ മുഖേന 47 പേര്‍ക്ക് പ്രഭാതഭക്ഷണവും 2171 പേര്‍ക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 86 സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലാണ് സമൂഹ അടുക്കളകള്‍ ആരംഭിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലിക്കപ്പെടേണ്ട ആരോഗ്യ നിബന്ധനകള്‍ എല്ലാ സാമൂഹിക അടുക്കളകളും പാലിക്കുന്നുണ്ട്.