ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാഞ്ഞതിനെ തുടര്‍ന്ന് നാല് വയസുള്ള മകന്റെ മുന്നില്‍ വെച്ച്‌ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ജുനാപുര്‍ ജില്ലയിലെ ഭട്ടോലി ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. നേഹ എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവായ ദീപകിനെ പോലീസ് അറസ്റ്റ് ചെയ്തു.

42 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഉത്തര്‍പ്രദേശില്‍ മദ്യ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് മദ്യപിക്കാനായി പണത്തിനായി ദീപക് നേഹയെ സമീപിച്ചു. എന്നാല്‍ പണം നല്‍കാന്‍ നേഹ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ കയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച്‌ ദീപക് നേഹയെ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

വെടിയുടെ ശബ്ദം കേട്ട് എത്തിയ അയല്‍ക്കാരാണ് നേഹയെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ നേഹ ചികിത്സയ്ക്കിടെ മരിച്ചു. കൊലപാതക ദൃശ്യം നേരില്‍ കണ്ട ദമ്ബതികളുടെ മകന്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി.

നേഹയുടെ സഹോദരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി ദീപക്കിനെ പിടികൂടുകയായിരുന്നു. നാല് വര്‍ഷം മുമ്ബാണ് ദീപകും നേഹയും തമ്മില്‍ വിവാഹിതരായത്. നേഹയും ദീപക്കും മകനും ഡല്‍ഹിയിലായിരുന്നു താമസം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദമ്ബതികള്‍ നാട്ടിലേക്ക് മടങ്ങി. കൊല്ലപ്പെടുമ്ബോള്‍ നേഹ നാല് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു