വിശാഖപട്ടണം: മദ്യശാലയ്ക്കു മുന്പിലെ തിരക്കു നിയന്ത്രിക്കാന്‍ അധ്യാപകര്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കു പുതിയ ചുമതല. ലോക്ക്ഡൗണിനിടെ തുറന്ന മദ്യശാലകള്‍ക്കു മുന്പില് ജനസാഗരമാണ് തിങ്ങി നിറഞ്ഞത്. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം പാലിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് മദ്യശാലകള്‍ക്കു മുന്പില് ആളുകളെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചു ക്യൂ നിര്‍ത്താനും സാമൂഹ്യ അകലം ഉറപ്പാക്കാനും പോലീസുകാര്‍ക്കൊപ്പം അധ്യാപകരെയും സര്‍ക്കാര്‍ നിയോഗിച്ചത്. ജില്ലയിലെ 311 മദ്യശാലകളില്‍ 272 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു. അമിതമായ ജനത്തിരക്കു നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ മദ്യശാലകളില്‍ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഈ തീരുമാനത്തിനെതിരെ അധ്യാപകര്‍ രംഗത്തെത്തി. സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം പൂര്‍ണ സന്തോഷത്തോടെ ചെയ്യും. എന്നാല്‍ മദ്യശാലകളിലെ ഈ ജോലി ചെയ്യാന്‍ നാണക്കേടു തോന്നുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.