ലംബോര്‍ഗിനി വാങ്ങാനായി കാലിഫോര്‍ണിയയിലേക്ക് ഒറ്റയ്ക്ക് കാര്‍ ഓടിച്ച്‌ പോയ 5 വയസുകാരനെ പിടികൂടി പോലീസ്. ഹൈ വേ പെട്രോളിംഗിന് ഇറങ്ങിയ പോലീസുകാരാണ് 3 ഡോളറുമായി ലംബോര്‍ഗിനി വാങ്ങാനായി കാറില്‍ പുറപ്പെട്ട കുട്ടിയെ പിടികൂടിയത്. ആഡംബര കാര്‍ വാങ്ങിതരണമെന്ന ആവശ്യവുമായി അമ്മയുമായി തര്‍ക്കം നടത്തിയ ശേഷമാണ് മാതാപിതാക്കളുടെ എസ്‌യുവിയില്‍ കുട്ടി പോയതെന്ന് യൂട്ട ഹൈവേ പട്രോള്‍ ട്വിറ്ററില്‍ കുറിച്ചു. 30 മൈല്‍ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്.

“കാറിനരികില്‍ ചെന്നു നോക്കിയപ്പോള്‍ ഫ്രന്റ് സീറ്റിന്റെ അരികില്‍ ഇരിക്കുന്ന കുട്ടിയെയാണ് പോലീസ് കണ്ടത്. എത്ര വയസ്സായി എന്ന പോലീസിന്റെ ചോദ്യത്തിന് 5 വയസ്സായി എന്നായിരുന്നു കുട്ടിയുടെ മറുപടി. ഡാഷ് ക്യാമറ ഫൂട്ടേജില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് ഒരു ലംബോര്‍ഗിനി വാങ്ങാന്‍ കാലിഫോര്‍ണിയയിലേക്ക് പോകുകയാണെന്നാണ് പോലീസിനോട് കുട്ടി പറഞ്ഞത്. ഒരു പുതിയ ലംബോര്‍ഗിനിയുടെ ആരംഭ വില ഏകദേശം 200,000 ഡോളര്‍ ആണ്. എന്നാല്‍ 3 ഡോളറുമായാണ് കുട്ടി ലംബോര്‍ഗിനി വാങ്ങാനായി പുറപ്പെട്ടത്.”

സംഭവത്തില്‍ മറ്റ്‌ അപകടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് പറയുന്നു. വീട്ടില്‍ നിന്ന് അകലെയായിരിക്കെ കുട്ടിയെ സഹോദരന്റെ പരിചരണത്തില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കേണ്ടത് പ്രാദേശിക പ്രോസിക്യൂട്ടറാണെന്നും പോലീസ് പറഞ്ഞു.