അമേരിക്കയില്‍ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസര്‍ ദുരൂഹമായി കൊല്ലപ്പെട്ടു. പെന്സില്വാനിയയിലാണ് സംഭവം. പിറ്റ്സ്ബര്‍ഗ് സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിയുവിന്റെ ഭാര്യയും സംഭവം നടക്കുമ്ബോള്‍ വീട്ടിലില്ലായിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണം തുടരുന്നതിനിടെയാണ് ബിങ് ലിയുവിന്റെ മരണമെന്നാണ് വിവരം. കൊറോണ വൈറസിന്റെ സെല്ലുലാര്‍ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ലിയുവിന്റെ ഗവേഷണം. അതുമായി ബന്ധപ്പെട്ട ചില നിര്‍ണായക കണ്ടെത്തലുകളുടെ വക്കിലായിരുന്നു ഗവേഷകനെന്നാണ് സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.
ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതിനാല്‍ കൊലപ്പെടുത്തിയ ആളും ലിയുവും തമ്മില്‍ നേരത്തെ അറിയാമായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലിയുവിന്റെ തലയിലും കഴുത്തിലും വയറിലുമാണ് വെടിയേറ്റത്. മരണം ഉറപ്പിച്ചശേഷം കുറ്റവാളിയെന്ന് കരുതപ്പെടുന്നയാള്‍ പുറത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ സ്വയം വെടിവച്ചു മരിച്ചുവെന്നാണ് കരുതുന്നത്. ഹാഓ ഗു (46) എന്നയാളുടെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടത്.