ആഗ്ര: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പങ്കജ് കുല്‍ശ്രേഷ്ഠ ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് കുല്‍ശ്രേഷ്ഠയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്‌എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ബുധനാഴ്ച ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ കൂടാതെ വ്യാഴാഴ്ച ആഗ്രയില്‍ രണ്ട് പേര്‍ കൂടി കൊറോണ ബാധിച്ച്‌ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു ഹിന്ദി ദിനപത്രത്തിലാണ് പങ്കജ് ജോലി ചെയ്തിരുന്നത്.