ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം 52,000 കടന്നിരിയ്ക്കുകയാണ്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 52,952 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,561 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചി രിയ്ക്കുന്നത്. കൂടാതെ, വൈറസ് ബാധ മൂലം ഇതുവരെ 1,783 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ രാജ്യത്ത് ഇതുവരെ 15,267 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്.
അതേസമയം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതി രൂക്ഷമാണ്.
മുംബയില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്‍റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. എട്ട് ഡോക്ടര്‍മാരും ഈ സംഘത്തിലുണ്ട്.
മഹാരാഷ്ട്ര 14,541, ഗുജറാത്ത് 5,804, ഡല്‍ഹി 4,898, തമിഴ്നാട് 3,550 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ വൈറസ് ബാധ റിപ്പോര്‍ട്ട്.
അതേസമയം, മുംബെയിലെ ലോക് മാന്യ തിലക് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ കോവിഡ് രോഗിയുടെ മൃതദേഹം മറ്റുരോഗികളുടെ ബെഡിന് സമീപം കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി എം.എല്‍.എ നിതേഷ് റാണയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോവിഡ് വാര്‍ഡിലെ ദുരവസ്ഥയില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണവും മഹാരാഷ്ട്രയില്‍ വര്‍ധിക്കുകയാണ്. ഇതുവരെ 531 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഒരു എ.എസ്.ഐ കൂടി മരിച്ചതോടെ മരിച്ച പോലീസുകാരുടെ എണ്ണം അഞ്ചായി. മുംബയില്‍ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 508 പുതിയ കോവിഡ് കേസുകളാണുണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 3,550 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ ഇതുവരെ 4,898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 64 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പഞ്ചാബ്, രാജസ്ഥാന്‍, കര്‍ണാടക, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.