കൊല്ലം : സര്‍ക്കാറിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മുങ്ങിയ മൂന്ന് പേര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. ചെന്നൈയില്‍ നിന്നെത്തിയ യുവതിയും കുടുംബവുമാണ് ക്വാറന്റൈന്‍ ലംഘിച്ച് വീട്ടിലേക്ക് പോയത്. എന്നാല്‍ ഇവരെ പൊലീസ് നിര്‍ബന്ധിച്ച് വീണ്ടും നിരീക്ഷണകേന്ദ്രത്തിലാക്കി.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ യുവതിയും അച്ഛനും സഹോദരിയുമാണ് ക്വാറന്റൈന്‍ ലംഘിച്ചത്. ഇന്നലെ രാത്രിയാണ് കൊല്ലത്തെ ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് ഇവര്‍ വീട്ടിലേക്ക് പോയത്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍, കൊവിഡ് തീവ്രബാധിത മേഖലകളില്‍ നിന്നെത്തുന്നവര്‍ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള ചെന്നൈയില്‍ നിന്നെത്തിയ യുവതിയും വീട്ടുകാരും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നത്.