ജമ്മു • ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പിന് ചുട്ട മറുപടി നല്കി ഇന്ത്യന്‍ സൈന്യം. തുടര്‍ച്ചയായ ആറാം ദിവസമാണ് നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നത്.
വെള്ളിയാഴ്ച ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാന് സേനയിലെ 3-4 സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് ആര്‍മി പോസ്റ്റുകള്‍ക്ക് നേരെ കനത്ത വെടിവയ്പ്പ് നടത്തി. ആക്രമണത്തില്‍ നാലോളം പാക് പോസ്റ്റുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
മേയ് 7 ന്, പൂഞ്ചിലെ മൂന്ന് സെക്ടറുകളില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാകിസ്ഥാന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സിവിലിയന്‍ പരിക്കേല്‍ക്കുകയും രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ഖസ്ബ ഗ്രാമവാസിയായ നിസാര്‍ അലി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.