തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം വിമാനത്താവളം. വിമാനജീവനക്കാര്‍ക്കും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്കി. ബഹറിനില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രക്കാരെ എത്തിക്കാനുളള വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട് . ഞായറാഴ്ചയാണ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 177 പേരുടെ സംഘമെത്തുന്നത് .
പ്രവാസികളെ സ്വീകരിക്കുന്നതിന് മുന്നോടിയായി ജില്ലാഭരണകൂടവും പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു . വന്ദേഭാരത് മിഷനായി അബുദാബിയിലേക്ക് പോകുന്ന എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ക്ക് തിരുവനന്തപുരത്ത് യാത്രയയപ്പ് നല്കി. ആധുനിക തെര്‍മല്‍ ക്യാമറ അടക്കമുളളസജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് യാത്രക്കാരെ പരിശോധിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റേയും എമിഗ്രേഷന്‍ അധികൃതരുടേയും പൊലീസിന്റേയുമെല്ലാം പരിശോധനകള്‍ പൂര്‍ത്തിയാക്കി ഓരോരുത്തരും പുറത്തിറങ്ങാന്‍ 40 മിനിട്ട് വരെ സമയമെടുക്കും.